Top Menu

WHY ? Alappuzha among top five cities in UN.

Alappuzha among top five cities in UN !!



Alappuzha ,Jun 13 - ഒരു ചെറിയ യാത്ര നടത്താൻ ബുള്ളറ്റും കാറും ഒന്നും വേണമെന്നില്ല. സ്വന്തം നാട്ടിലെ വഴികളിൽ കൂടി ഒന്ന് നടന്നാൽ മതി. അതു ആലപ്പുഴയിൽ ആണെങ്കിൽ പിന്നെ പറയണ്ട

തുടർച്ചയായ യാത്രകൾക്ക് മഴ മൂലം ചെറിയ അവധി നൽകി വീട്ടിലെത്തിയ ഞാൻ ഞായറാഴ്ച രാവിലെ എണീറ്റു TV നോക്കുമ്പോൾ കേബിൾ ഇല്ല. ആകെയുള്ള ആശ്വാസം ആയിരുന്നു അതും പോയി. ശ്ശെടാ ഇനി എന്ത് ചെയ്യും എന്നോർത്ത് ഇരിക്കുമ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന ഫ്രണ്ടിന്റെ വിളി. എങ്ങോട്ടാണേലും കുഴപ്പമില്ല എങ്ങനേലും പുറത്ത് കടന്നാൽ മതിയെന്നായി.

പുന്നമട ജെട്ടിയിൽ നിന്ന് കടത്ത് കടന്ന് അക്കരെ പോയി വേമ്പനാട്ട് കായലും, മഴ മേഘങ്ങളും എണ്ണിയാലൊടുങ്ങാത്ത ഹൌസ് ബോട്ടുകളും കണ്ട് കായലിലെ തണുത്ത കാറ്റും കൊണ്ട് ഒരൊന്നൊന്നര നടത്തം. ഇപ്പോഴും വലിയ മാറ്റങ്ങൾ ഒന്നുമില്ല വഴി കോൺക്രീറ്റ് ചെയ്തതൊഴിച്ചാൽ. ഭംഗിയുള്ളതെന്തും അതു പോലെ നിൽക്കട്ടെ അല്ലേ. ഇങ്ങോട്ട് ഏതു സമയത്തു വന്നാലും ഒടുക്കത്തെ ഭംഗിയാ.

പണ്ട് പഠിക്കുന്ന കാലത്തെ മഴക്കാല ഓർമ്മകൾ അയവിറക്കി ഞങ്ങൾ അങ്ങനെ നടന്നു. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറ്റി ഇട്ടിരിക്കുന്നു. മറുകരെ കണ്ണെത്താ ദൂരത്തു കായൽപ്പരപ്പ്. വഴിയിൽ എങ്ങും ചിരിക്കുന്ന മുഖങ്ങളും, അവധി ആഘോഷിക്കുന്ന ബാല്യങ്ങളും. ചൂണ്ടയിടൽ ആണ് മെയിൻ പരിപാടി. പിന്നെ ദൂരെ നാടുകളിൽ നിന്നെത്തി കായലിലെ വഞ്ചിവീടുകളിൽ അവധി ആഘോഷിക്കുന്ന സഞ്ചാരികൾ. എങ്ങും സന്തോഷം മാത്രം.

പ്രകൃതി ആണെങ്കിൽ ഇപ്പോ തകർത്തു പെയ്യും എന്ന മട്ടിൽ കാർമേഘം നിറഞ്ഞു നിൽക്കുന്നു. ഒരു കുട പോലും കയ്യിലില്ല. ആ നനയുന്നെങ്കിൽ നനയട്ടെ അതും ഒരു ഫീൽ ആണ്. നടന്നു കിഴക്കേ അറ്റം എത്തിയപ്പോൾ കാഴ്ചകൾ കണ്ട് അങ്ങ് നിന്നു. മുന്നോട്ട് പോവാനാവില്ല വരമ്പിൽ നിറയെ ചെളിയാണ്. സ്വന്തം നാടിന്റെ പ്രകൃതിഭംഗിയോർത്തു കായലിൽ കാലും ഇട്ടു അൽപനേരം മനസ്സ് ആ പഴയ കുട്ടിക്കാലത്തേക്ക് പോയി.

തിരികെ നടക്കുമ്പോൾ ഇടത്തോട്ട് കണ്ട വഴിയേ അങ്ങു നടന്നു. പുതിയ വഴികൾ ആണെങ്കിലും ഭംഗിക്ക് ഒരു കുറവുമില്ല. നിറയെ വെള്ളമാണ് പക്ഷെ കായൽ അല്ല, പാടത്തു വെള്ളം കയറ്റി ഇട്ടതാ.

ഈ വഴിയിൽ ഏറ്റവും ആകർഷിച്ചത് പാടത്തിനു നടുവിൽ നിൽക്കുന്ന ഒരു മരവും അതിനോട് ചേർന്ന് ഒരു കൽവിളക്ക് മാത്രം ഉള്ള ഒരു കൊച്ചു അമ്പലം. അങ്ങോട്ടുള്ള വഴിയാകെ ചെളികുളമാണ്. നമ്മള് വിടുമോ ഒരുവിധം നടന്നു അടുത്തെത്തി. നിൽക്കുന്നത് തമിഴ് നാടാണോ എന്നൊരു നിമിഷം തോന്നിപ്പോയി.

പാടത്തെ വെള്ളക്കെട്ടുകളിൽ നിറയെ ചെറു മീനുകളും അവയെ ഭക്ഷിക്കാൻ വന്ന നീർകാക്കകളും കൊക്കുകളും. അപ്പോൾ ധാ മറ്റൊരു കാഴ്ച. വല വീശാൻ വന്ന അച്ഛനും കിട്ടുന്ന മീനുകളെ പെറുക്കി കുടത്തിൽ ഇടുന്ന മോളും. കുറച്ചു നേരം അതും നോക്കി നിന്നു. വളർന്നപ്പോ എല്ലാം നൊസ്റ്റാൾജിയ ആയി. ഇനി ഈ വഴി വരുമ്പോൾ ചൂണ്ടയും കൊണ്ട് വരണം. നമ്മളോടാ കളി.

കൂടുതൽ ഇരുട്ടും മുൻപ് കടത്തു കടന്ന് അക്കരെ എത്തി നാട്ടുകാരോടൊപ്പം ബെഞ്ചിലിരുന്നു ഒരു ചായയും കുടിച്ച് തിരികെ വീട്ടിലേക്ക്. കാഴ്ച കണ്ട് ഏകദേശം 5-6 കിലോമീറ്ററോളം മൊത്തം ചുറ്റി നടന്നു കാണും. മഴയും ഞങ്ങൾക്കായി മാറി തന്നു. ഒരു ആലപ്പുഴക്കാരന് ഇതിലും നല്ല സായാഹ്നം ഇനി കിട്ടാനില്ല.
" An Evening Walk !! "

Post a Comment

Designed by OddThemes | Distributed By Gooyaabi Templates